പുതുവത്സരാഘോഷം ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊല്ലം സിറ്റി പോലീസ്

കൊല്ലം :പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി എക്സൈസ്, മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നീ ഡിപ്പാര്‍ട്ടുമെന്‍റുകളുമായി സഹകരിച്ച് ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിത വേഗം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകള്‍ ശക്തമാക്കും.

* ഇതിന്‍റെ ഭാഗമായി ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനും ഇതിനായി പോലീസ് സ്റ്റേഷനുകളില്‍ പട്രോളിംഗ് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

* റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പോലീസിന്‍റെ പ്രത്യേക പരിശോധനകള്‍ നടത്തുന്നതാണ്.

* റോഡുകളില്‍ അമിത വേഗമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലും പട്രോളിംഗ് ഏര്‍പ്പെടുത്തുകയും നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

* ബീച്ചുകള്‍ വിനോദകേന്ദ്രങ്ങള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

* നഗരത്തില്‍ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് ഡാന്‍സാഫിന്‍റെയും മഫ്തി പോലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

* പൊതുജനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും നിയമ ലംഘനങ്ങളെ സംബന്ധിച്ചുളള വിവരങ്ങള്‍ പോലീസിന്‍റെ 1090, 112, 04742742265, എന്നീ നമ്പരുകളില്‍ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.