ദില്ലി : പത്മജാ വേണുഗോപാൽ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ പത്മജയ്ക്ക് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവേദ്ക്കർ അംഗത്വം നൽകി സ്വീകരിച്ചു.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പത്മജ കോൺഗ്രസിൽ നിന്നും പടിയിറങ്ങി ബിജെപിയിലേക്ക് പ്രവേശിച്ചത്. കോൺഗ്രസ് പാർട്ടിക്ക് ലീഡർഷിപ്പ് ഇല്ലെന്നും ബിജെപിക്ക് ശക്തമായ നേതൃത്വം ഉണ്ടെന്നും പത്മജ അംഗത്വം സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. മോദിയുടെ കഴിവും ലീഡർഷിപ്പും തന്നെ ആകർഷിച്ചിരുന്നു. പാർട്ടി തനിക്ക് സീറ്റ് നൽകിയെങ്കിലും തന്നെ തോൽപ്പിക്കുകയാണ് ഉണ്ടായത്.തോൽപ്പിക്കാൻ മുന്നിൽ നിന്നവരുടെ പേരുകൾ പാർട്ടി നേതൃത്വത്തിന് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
ബിജെപി പ്രവേശനത്തെക്കുറിച്ച് ആദ്യ ഘട്ടങ്ങളിൽ നിഷേധിച്ച പത്മജ അപ്രതീക്ഷിതമായി ആണ് ബിജെപിയിലേക്ക് എത്തിയത്.
അതേസമയം പത്മജയെക്കൊണ്ട് ബിജെപിയ്ക്ക് കാൽകാശിന്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എംപിയുമായ കെ മുരളീധരൻ പറഞ്ഞു. പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് എന്നും അദ്ദേഹം പറഞ്ഞു.