കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ്ജ് ജോണാണ് 1,300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി.

കോട്ടയം ജില്ലയിലെ വാക്കാട് സ്വദേശിയായ പരാതിക്കാരന്റെ കുവൈറ്റിലുള്ള സഹോദരന്റെ ജനനം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ജനനം രജിസ്റ്റർ ചെയ്യുന്നതിലേക്ക് പാലാ റവന്യു ഡിവിഷണൽ ഓഫീസിൽ കഴിഞ്ഞ മാസം ഇരുപത്തി ആറാം തിയതി അപേക്ഷ നൽകിയിരുന്നത് തൊട്ടടുത്ത ദിവസം തന്നെ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനായി ഞീഴൂർ വില്ലേജ് ഓഫീസിൽ അയച്ചു. പരാതിക്കാരൻ വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് ഓഫീസറോട് വിവരം തിരക്കിയപ്പോൾ റിപ്പോർട്ട് റവന്യു ഡിവിഷണൽ ഓഫീസിൽ അയക്കുന്നതിന് 1,300 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ആർ. രവി കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നൽകിയ പണം ഞീഴൂർ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും വാങ്ങി ഒളിപ്പിക്കാൻ ശ്രമിക്കവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്