ഇ പി ജയരാജൻ ഇലക്ഷൻ കഴിഞ്ഞാൽ ബിജെപിയിലേക്ക്; ഗുരുതര ആരോപണമായി കെ സുധാകരൻ

കണ്ണൂർ : ബിജെപിയുമായി ചർച്ച നടത്തിയ സിപിഎം ഉന്നത നേതാവ് ഇ പി ജയരാജനെന്ന് കെ സുധാകരൻ.
എം ബി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിൽ നിരാശനായ ഇ.പി ജയരാജൻ രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനുമായി ചർച്ച നടത്തി.ഗൾഫിൽ നടന്ന കൂടിക്കാഴ്ചയിൽ മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പദവി ആഗ്രഹിച്ച ഇ പി ജയരാജൻ അത് ലഭിക്കാതെ വന്നതോടെ അസ്വസ്ഥനായെന്നും ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ ഇ.പി ജയരാജൻ ബിജെപിയിലേക്ക് ചേക്കേറുമെന്നും കെ.സുധാരൻ പറഞ്ഞു.
കൂടിക്കാഴ്ച വിവരങ്ങൾ അറിഞ്ഞ സിപിഎം നേതൃത്വം ഭീഷണി ഉയർത്തിയതിനാൽ ആണ് ഇ.പി ജയരാജൻ ഭയന്ന് പിന്മാറിയതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ആലപ്പുഴ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള സ്ഥിരീകരണവുമായാണ് കെ.സുധാകരൻ രംഗത്തെത്തിയത്.
പിണറായി വിജയനോടൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ ഉന്നതനായ നേതാവ് ബിജെപിയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ചർച്ചകൾ നടത്തിയതായും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.എന്നാൽ നേതാവിന്റെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നില്ല. ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി നൽകുന്നതിനിടയിൽ ആയിരുന്നു ശോഭാസുരേന്ദ്രന്റെ പ്രതികരണം.