മലപ്പുറം: താമിർ ജിഫ്രീ കസ്റ്റഡി കൊലപാതകത്തിൽ നാലു സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ പിടികൂടി .
മലപ്പുറം എസ്പിയുടെ ഡാൻ സാഫ് അംഗങ്ങളായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് സിബിഐ സംഘം ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.
ലഹരി മരുന്ന് കൈവശം വെച്ചതിന് മലപ്പുറം എസ്.പിയുടെ ഡാൻസാഫ് അംഗങ്ങൾ പിടികൂടിയ താമിർ ജിഫ്രീ ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്.
താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും 2 മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കസ്റ്റഡി മർദ്ദനം ആരോപിച്ച് രംഗത്തെത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നിയമസഭയിലടക്കം കസ്റ്റഡി മരണം ചർച്ചയായതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
പ്രതികളുടെ അറസ്റ്റിൽ സന്തോഷം അറിയിച്ച സഹോദരൻ ഹാരിസ് ജഫ്രീ തുടക്കം മുതൽ തന്നെ സഹോദരനെ സമാനമായ കേസിലെ പ്രതിയെന്ന വരുത്തി തീർക്കാൻ ശ്രമിച്ച മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു