അവയവ കച്ചവടത്തിനായി മനുഷ്യ കടത്ത് : കൊച്ചി സ്വദേശി പിടിയിൽ

കൊച്ചി : അവയവ കച്ചവടത്തിനായി മനുഷ്യ കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.കൊച്ചി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാമിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സജിത്ത് ശ്യാമാണ് സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
നേരത്തെ നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായ അവയവകച്ചവട സംഘത്തിലെ പ്രധാനി സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇരകളെ കണ്ടെത്തി വൻ തുക വാഗ്ദാനം നൽകി ഇറാനിലേക്ക് കടത്തി അവയവം എടുത്തതിനുശേഷം തുച്ഛമായ പണം നൽകി തിരികെ എത്തിക്കുകയായിരുന്നു സംഘത്തിന്റെ പ്രവർത്തന രീതി.


അന്വേഷണം പുരോഗമിക്കുന്നതായും മനുഷ്യ കടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.