വിദ്യാഭാസ സ്ഥാപനപരിസരങ്ങളില്‍ ലഹരി വില്‍പന കര്‍ശനമായി തടയും.

കൊല്ലം : സ്‌കൂള്‍ – കോളേജ് പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി ‘യെല്ലോ ലൈന്‍’ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ജില്ല കളക്ടർ.

ലഹരിപദാര്‍ഥ വില്‍പന നടത്തുന്നില്ല എന്നുറപ്പാക്കാനാണ് നടപടിയെന്ന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരിവിരുദ്ധ കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കി.

വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ കൃത്യതയോടെ പരിശോധിക്കുന്നതിന് എക്‌സൈസ്-പൊലിസ്-ആരോഗ്യവകുപ്പ് എന്നിവ നേതൃത്വം നല്‍കും.
സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും.


സ്‌കൂള്‍പ്രവൃത്തിദിനത്തിലെ ആദ്യ അസംബ്ലിയില്‍ പുകയിലവിരുദ്ധ സന്ദേശം നല്‍കണം.
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് എല്ലാ ഓഫീസ്-വിദ്യാഭ്യാസസ്ഥാപനങ്ങളിലും ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് എതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിപുല പരിപാടികള്‍ നടത്തണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പിന്തുണ നല്‍കി ലഹരിവിരുദ്ധ സന്ദേശം നല്‍കണം.
അതിഥി തൊഴിലാളികള്‍ക്കായി നടത്തുന്ന അവബോധ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
തീരദേശ-അതിഥി തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.