വിവാദ പരാമർശം ; മുഖ്യമന്ത്രിയെ തള്ളി ഏരിയ കമ്മിറ്റി അംഗം

പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരെ മുഖ്യമന്ത്രി നടത്തിയ ‘വിവരദോഷി’ പരാമര്‍ശത്തെ തള്ളി സിപിഎം ഏരിയാ കമ്മിറ്റിയംഗം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ കെ പ്രകാശ്‌ ബാബു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. നിരവധി പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് സുഹൃത്തുക്കൾക്ക് മാത്രം കാണാൻ സാധിക്കുന്ന വിധത്തിലാണ് പങ്കുവച്ചത്. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.