അതിദാരുണം ; വീടിന് തീപിടിച്ച് പിഞ്ചു കുട്ടികൾ അടക്കം നാലുപേർ മരിച്ചു

കൊച്ചി : എറണാകുളം അങ്കമാലി പറക്കുളത്ത് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
വ്യവസായിയായ ബിനീഷ്, അദ്ദേഹത്തിന്റെ ഭാര്യയും നഴ്സിംഗ് അധ്യാപികയുമായ  അനു, മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജോവാനാ, എൽകെജി വിദ്യാർഥി ജെസ്വിൻ  എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അതിദാരുണ സംഭവം നടന്നത്.
രാവിലെ പത്രം ഇടാൻ വന്ന ആളായിരുന്നു  വീടിനു മുകളിലെ നിലയിൽ തീ കണ്ടത്. തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയും ചെയ്തു. പ്രദേശവാസികൾ  ഫയർഫോഴ്സിനെ വിളിച്ചെങ്കിലും ഫോൺ ലഭ്യമാകാത്ത സാഹചര്യത്തെ തുടർന്ന്  അയൽവാസികൾ റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് കുറ്റിയിട്ടതിനാൽ സാധ്യമായില്ല. 

ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിൽ സംശയം പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ്സ്കോഡും  സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.