ആലപ്പുഴ : 15 വർഷം മുമ്പ് മാന്നാറിൽ നിന്നും കാണാതായ 20 വയസ്സുകാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് സംശയം. സംഭവത്തിൽ നാലുപേർ പിടിയിൽ.
പെൺകുട്ടിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ് പോലീസ് പിടിയിലായവർ.
മാന്നാർ സ്വദേശിനിയായ കലയെ കൊലപ്പെടുത്തിയത് ഭർത്താവായ അനിൽകുമാറാണെന്നും,മൃതദേഹം മറവ് ചെയ്യാൻ മാത്രമാണ് തങ്ങൾ സഹായിച്ചതെന്നും പിടിയിലായവർ മൊഴി നൽകി . അനിൽകുമാറിന്റെ നിർദ്ദേശാനുസരണം സംഭവസ്ഥലത്ത് എത്തിയപ്പോൾ കലയുടെ മൃതദേഹം അനിൽകുമാറിന്റെ കാറിന്റെ പിൻ സീറ്റിൽ കിടത്തിയ നിലയിലായിരുന്നു. തുണി കഴുത്തിൽ ചുറ്റിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടതെന്നും പിടിയിലായവർ പറഞ്ഞു. കൊലപാതക കേസിലെ ഒന്നാം പ്രതി എന്ന് സംശയിക്കുന്ന അനിൽകുമാർ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹം മറവ് ചെയ്തതായി സംശയിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ മൂടി മാറ്റി പരിശോധന നടന്നുവരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
വർഷങ്ങൾ കഴിഞ്ഞതിനാൽ പരിശോധന ദുർഘടം ആണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകം നടത്തിയ ദിവസം ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പിക്ക് രണ്ടാഴ്ച മുമ്പ് ലഭിച്ച ഊമക്കത്തിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.