പന്തളത്ത് ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ്

പന്തളം : ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയും കർശന നടപടികളുമായി നഗരസഭ ആരോഗ്യവകുപ്പ് പന്തളത്ത്. ഹെൽത്ത്‌ സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഫലക് മജരിസ് നോട്ടീസ് നൽകി പൂട്ടിച്ചു.

കഴിഞ്ഞ ദിവസം ഹോട്ടൽ ഫലക് മജരിസിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെ ആണ് പ്രവർത്തിക്കുന്നതെന്നും, ഹെൽത്ത്‌ കാർഡ്, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഒന്നും തന്നെ ഇല്ലെന്നും കണ്ടെത്തി. 2021 ൽ കാലാവധി തീർന്ന വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. നിരവധി തവണ നിരോധിത പ്ലാസ്റ്റിക് ഉൽപ്പെന്നങ്ങൾ ഉള്ളപ്പെടെ പിടിച്ചെടുത്ത് പിഴ അടക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതുമാണ്.എന്നാൽ പിഴതുക ഇത് വരെ അടക്കുവാനും ഈ സ്ഥാപനത്തിന്റെ ഉടമ തയ്യാറായിട്ടുമില്ലാത്തതാണ്.

മതിയായ കിച്ചൺ സൗകര്യം ഇല്ലാതെയാണ് ഈ സ്ഥാപനം നിലവിൽ പ്രവർത്തിച്ചു വന്നിരുന്നത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ചിരുന്ന വലിയ തോതിൽ ഉള്ള ഇറച്ചി ആണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത് . നിലവിൽ ഉച്ച സമയത്ത് മാത്രം ആണ് ഫലക് മജരിസ് എന്ന സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നത്. വിവിധ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടത്തി ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ഹെൽത്ത്‌ സുപ്രണ്ട് ബിനോയ്‌ ബിജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 1 വി. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. ആർ. ദീപുമോൻ, ഇ. കെ. മനോജ്‌, വി. അനീഷ, എ. ഷഹന എന്നിവർ നേതൃത്വം നൽകി