തോമസ് കെ തോമസിനെ കൈവിട്ട് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ

കൊച്ചി : എൻസിപി മന്ത്രിസ്ഥാന കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ.
മന്ത്രിമാറ്റത്തെ കുറിച്ച് പാർട്ടി ഫോറങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നാണ് പിസി ചാക്കോയുടെ പുതിയ നിലപാട്.
മന്ത്രിസ്ഥാനം വേണമെന്നുള്ളത് തോമസ് കെ തോമസിന്റെ പഴയ ആവശ്യമാണെന്നും ഇപ്പോൾ അദ്ദേഹത്തിന് അങ്ങനെയൊരു ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും പി.സി ചാക്കോ പറഞ്ഞു.

പിണറായി വിജയന്റെ ഇരുമന്ത്രിസഭയിലും മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ മാറ്റി കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു.ആ തീരുമാനത്തെ അനുകൂലിച്ച് പി.സി ചാക്കോ രംഗത്തും വന്നിരുന്നു.
എന്നാൽ മന്ത്രിസ്ഥാനം രാജിവെക്കുന്ന തീരുമാനത്തിനോട് എതിർപ്പ് അറിയിച്ച ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് പാർട്ടിയെ നേതൃത്വത്തെ അറിയിച്ചു.
പ്രതിസന്ധിയിലായ പാർട്ടി നേതൃത്വം എ കെ ശശീന്ദ്രന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കിയതിനാലാണ് എൻസിപി സംസ്ഥാന അധ്യക്ഷന്റെ നിലപാട് മാറ്റമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
എ കെ ശശീന്ദ്രനോടൊപ്പം ചേർന്നു നിന്നിരുന്ന പി.സി ചാക്കോ അടുത്ത സമയത്തായാണ് തോമസ് കെ തോമസ് വിഭാഗത്തിന് അനുകൂലമായി രംഗത്ത് വന്നത് .
ജില്ലാപ്രസിഡന്റ്മാരുടെ അഭിപ്രായം അംഗീകരിക്കുന്നതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.മന്ത്രിസ്ഥാന കൈമാറ്റം ദേശീയ പ്രസിഡന്റ് ശരത് പവാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതിൽ നിന്നൊക്കെ മലക്കംമറിയുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.