ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോറിയുടെതെന്ന് സംശയിക്കുന്ന റേഡിയേറ്റർ ഫാനും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഡ്രഡ്ജറിലെ ഡ്രൈവർമാരാണ് ലോറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഡ്രഡ്ജർ ഉപയോഗിച്ചാണ് നദിയിൽ ഇന്നും പരിശോധന നടത്തുന്നത്. മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും തിരച്ചിലിനിറങ്ങി. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചിൽ.
10 ദിവസമാണ് ഡ്രഡ്ജർ ഉപയോഗിച്ച് പരിശോധന നടത്തുക. ഇന്നലെ മുതലാണ് തിരച്ചിൽ പുനരാരംഭിച്ചത്.
ഡ്രഡ്ജർ ഈ ഭാഗങ്ങളിൽ നങ്കൂരമിട്ട് കാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന കാമറയുമായി മുങ്ങുക. ഗംഗാവലി പുഴയിലെ മണ്ണ് പൂർണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രധാന പ്രതിസന്ധി.
ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അർജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.