ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം നടത്തി; എ.ഡി.എം ആത്മഹത്യ ചെയ്തു

കണ്ണൂർ : ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം നടത്തിയതിന് പിന്നാലെ കണ്ണൂർ എ.ഡി.എം  നവീൻ ബാബു ആത്മഹത്യ ചെയ്തു. കണ്ണൂർ തളപ്പിലെ താമസസ്ഥലത്താണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീൻ ബാബു.

കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും രണ്ടുദിവസത്തിനകം രേഖകൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. കണ്ണൂരില്‍ നടത്തിയതുപോലെയാകരുത് ഇനി പോകുന്നിടത്തെന്നും പി.പി ദിവ്യ ചടങ്ങിൽ പറഞ്ഞു. നവീൻ ബാബുവിന് ഉപഹാരം നൽകുന്ന ചടങ്ങ് തനിക്ക് കാണാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് വേദി വിടുകയാണ് ഉണ്ടായത്. 
സർവീസ് കാലയളവിൽ കൈക്കൂലി കേസുകളിൽ ഉൾപ്പെടാത്ത ഉദ്യോഗസ്ഥനായിരുന്നു നവീൻബാബു എന്നും കളക്ടറുടെയും സഹപ്രവർത്തകരുടെയും മുന്നിൽവച്ച് അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹം വീട്ടിലേക്ക് പോയതെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് നാട്ടിൽ എത്തുമെന്ന് വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നിട്ടും കാണാതായതിനെത്തുടർന്ന് കണ്ണൂരിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.