പാലക്കാട് : തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് പാലക്കാട്. തിരഞ്ഞെടുപ്പ് ദിവസം പ്രഖ്യാപിച്ച അന്ന് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മും ബിജെപിയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഡോക്ടർ സരിൻ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ലഭ്യമായ വിവരം. ഔദ്യോഗികമായി നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്നുമാണ് കേന്ദ്രത്തിൽനിന്ന് ലഭ്യമായ വിവരങ്ങൾ. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ സുരേന്ദ്രന് നിർദേശം നൽകിയതായും വിവരങ്ങൾ പുറത്തുവന്നു. ഇതോടെ പാലക്കാട് തിരഞ്ഞെടുപ്പ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.
രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ എതിർപ്പറയിച്ച് കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ പി സരിൻ രംഗത്ത് എത്തുകയും, രാഹുൽ മാങ്കൂട്ടം,വി.ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനത്തിനായി ന്യൂനപക്ഷങ്ങളെ വഞ്ചിച്ച് മറുസൈഡിലൂടെ ബിജെപിയെ സഹായിക്കുകയാണ് വി ഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് മൂവർ സംഘം രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയത്. അനുഭവസമ്പത്തുള്ള നിരവധി കോൺഗ്രസ് പ്രവർത്തകർ പാലക്കാട്
ഉള്ളപ്പോൾ ആണ് തെക്കുനിന്ന് രാഹുൽ മാങ്കൂട്ടത്തിനെ കൊണ്ടുന്ന് മത്സരിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പി.സരിൻ പറഞ്ഞു.
വരുംദിവസങ്ങളിൽ കോൺഗ്രസിനുള്ളിലെ ഉൾക്കളികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു