കണ്ണൂർ : പി.പി ദിവ്യ മുൻകൂർ ജാമ്യ അപേക്ഷയിൽ ബോധിപ്പിച്ച വാദങ്ങൾ തള്ളി ജില്ലാ കളക്ടർ അരുൺ കെ വിജയനും, കെ ഗംഗാധരനും.
പ്രശാന്തിനെ കൂടാതെ കെ ഗംഗാധരൻ എന്നൊരാളിൽ നിന്നും നവീൻ ബാബു പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ കെ ഗംഗാധരൻ തനിക്ക് പരാതി നൽകിയിരുന്നു. താൻ പറഞ്ഞത് അനുസരിച്ച് വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും പി പി ദിവ്യയുടെ വാദങ്ങൾ തള്ളി രംഗത്തെത്തി.
എഡിഎം നവീൻ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും, വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകിയതിനെത്തുടർന്നാണ് പരാതിയുമായി എഡിഎമ്മിനെ സമീപിച്ചത്. വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും അത് കൈക്കൂലിയുമായി ബന്ധപ്പെട്ടല്ലന്നും അധ്യാപകനായ കെ ഗംഗാധരൻ പറഞ്ഞു.
എ ഡി എമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതോടെ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദഗതികൾ പൊളിഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.