പി.പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി. തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ജില്ലാ കമ്മിറ്റിയുടെ  തീരുമാനം. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർണായ തീരുമാനമെടുത്തത് .സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുന്നതോടെ ദിവ്യ ഇനി പാർട്ടി മെമ്പർ മാത്രമാകും.നാളെ ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി പറയാനിരിക്കവെയാണ് പാർട്ടിയുടെ നടപടി.

ദിവ്യ ജില്ലാ കമ്മിറ്റിയിൽ തുടരുന്നത് ഉപതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ തുടർന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് കടുത്ത തീരുമാനമെടുത്തത്.

തുടക്കം മുതൽ തന്നെ പാർട്ടി കുടുംബമായ നവീന്റെ കുടുംബത്തോടൊപ്പം ചേർന്നു നിൽക്കുകയായിരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
എന്നാൽ നേരത്തെ സംസ്ഥാന കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും പി പി ദിവ്യക്കെതിരെ നടപടിയെടുക്കാൻ വൈമനസ്യം കാട്ടിയിരുന്നു.
എന്നാൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ എതിർ പാർട്ടികൾ ദിവ്യയുടെ വിഷയം ആവർത്തിച്ച് ഉന്നയിച്ചതോടെയാണ് പാർട്ടി ദിവ്യയെ കയ്യൊഴിഞ്ഞത്.