കൊച്ചി : ലൈംഗികാധിക്ഷേപ കേസില്‍ റിമാൻഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നല്‍കി . എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. അതേസമയം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ വേണ്ടി എറണാകുളം സെൻട്രല്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകള്‍ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താല്‍പര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയില്‍ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ചെമ്മണ്ണൂര്‍ ഇന്റര്‍നാണഷല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ബോബി ചെമ്മണ്ണൂറിന്റെ ഔദ്യോഗിക പേര് ചെമ്മണ്ണൂര്‍ ദേവസിക്കുട്ടി ബോബി എന്നാണ്. 1964ല്‍ തൃശൂരിലെ അറിയപ്പെടുന്ന സ്വര്‍ണവ്യാപാരി കുടുംബമായ ചെമ്മണ്ണൂര്‍ കുടുംബത്തില്‍ ആണ് ജനനം. ഇനാശു ദേവസിക്കുട്ടിയുടേയും സിസിലി ദേവസിക്കുട്ടിയുടേയും രണ്ടാണ്‍മക്കളില്‍ ഒരാള്‍. തൃശൂരിലെ ചിന്മയ വിദ്യാലയത്തിലും വിമല കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ചെമ്മണ്ണൂര്‍ കുടുംബത്തിന്റെ സ്വര്‍ണ വ്യാപാരത്തിന്റെ ഭാഗമായി ബോബി മാറിയിരുന്നു. 1980കളിലാണ് കുടുംബ ബിസിനസ്സിന്റെ ചുമതല ബോബി ഏറ്റെടുക്കുന്നത്. പിന്നീടത് സ്വര്‍ണം മുതല്‍ റിയല്‍ എസ്റ്റേറ്റും ടൂറിസവും അടക്കം വിവിധ മേഖലകളിലേക്ക് പടര്‍ന്ന് പന്തലിച്ചു. തന്റേതായ രീതിയില്‍ ആധുനികമായ രീതികള്‍ വ്യാപാരത്തിലും മാര്‍ക്കറ്റിംഗിലും അടക്കം ബോബി കൊണ്ട് വന്നതോടെ ചെമ്മണ്ണൂര്‍ ഗ്രൂപ്പ് കേരളത്തില്‍ നിന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് വരെ വളര്‍ന്നു.
ആതുര സേവന രംഗത്തും ബോബി ചെമ്മണ്ണൂര്‍ സജീവമാണ്. ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തികള്‍. സ്വര്‍ണവ്യാപാരം മുതല്‍ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ചിട്ടി, തേയില അടക്കം നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ ബോബി ചെമ്മണ്ണൂരിന്റേതായിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ സ്വത്ത് വിവരങ്ങള്‍ ഔദ്യോഗികമായി ലഭ്യമല്ല. എങ്കിലും 700-800 കോടിയുടെ സ്വത്ത് ബോബി ചെമ്മണ്ണൂരിന് സ്വന്തമായിട്ടുണ്ടെന്നാണ് വിവരം.