ഷെറിന്റെ മോചനത്തിനായി കെ.ബി ഗണേഷ് കുമാർ ഇടപെട്ടു:ജ്യോതി കുമാർ ചാമക്കാല

തിരുവനന്തപുരം : ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിന്‍റെ മോചനം സാധ്യമാക്കുന്നതിന് മന്ത്രി ഗണേഷ് കുമാർ ഇടപെടൽ നടത്തിയെന്ന് ജ്യോതികുമാർ ചാമക്കാല.
പരോൾ ലഭിച്ച് പുറത്തിറങ്ങുന്ന അവസരങ്ങളിൽ ഷെറിനോടൊപ്പം ഗണേഷ് കുമാറിന്റെ വിശ്വസ്തനായ കോട്ടത്തല പ്രദീപും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.പറഞ്ഞത് തെറ്റാണെങ്കിൽ തനിക്കെതിരെ കേസെടുക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇരുപതും, ഇരുപത്തിയഞ്ചും വർഷമായി ജയിലിൽ കഴിയുന്ന നിരവധിപേർ ഉള്ളപ്പോഴാണ് കൃത്യം 14 വർഷം മാത്രം കഴിഞ്ഞ ഷെറിനെ പുറത്തിറക്കാൻ മന്ത്രിസഭായോഗം കൂടി തീരുമാനമെടുത്തത്. മറ്റു പ്രതികൾക്ക് ലഭിക്കാത്ത വേഗതയാണ് ഷെറിന്റെ കാര്യത്തിൽ ജയിൽ ഉപദേശക സമിതിയിൽ നിന്നും ഉണ്ടായത് .അതിനായി ഇടപെട്ടത് കെ വി ഗണേഷ് കുമാറാണെന്നും ജ്യോതി കുമാർ ചാമക്കാല പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണന നൽകണമെന്നും, തന്റെ മകൻ പുറത്തുണ്ടെന്നും കാണിച്ച് ഷെറിൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്.

2009 നവംബർ 7 നാണ്ചെറിയനാട് തുരുത്തി മേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്.
ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകൾ പുറത്തായി. ഷെറിൻ്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേർന്നപ്പോൾ ഭർതൃപിതാവ് വധിക്കപ്പെട്ടു.

സമൂഹമാധ്യമമായ ഓർക്കുട്ട് വഴിയെത്തിയ സന്ദർശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി.മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിൻ എന്നിവർക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

2010 ജൂൺ 11 നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്നു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്‌. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെ വച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ.
ശിക്ഷാ കാലയളവിനിടെ 500 ഓളം ദിവസം
പ്രതി വെളിയിലായിരുന്നു. ഉന്നത ഇടപെടലാണ് പരോളിന് പിന്നിലെന്ന ആരോപണം ശക്തമായിരുന്നു. ജയിലിനകത്തും ആഢംബര ജീവിതമാണ് ഷെറിൻ നയിച്ചതെന്ന് പറയുന്നു. ജയിലിലെ വിഐപി സന്ദർശനവും വലിയ ചർച്ചയായിരുന്നു.