സൗജന്യ ജല പരിശോധനയുമായി കേരള വാട്ടര്‍ അതോറിറ്റി

കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ജല പരിശോധനയുമായി കേരള വാട്ടര്‍ അതോറിറ്റി. ശുദ്ധ ജലത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധനയുമാണ് ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
ജലത്തിന്റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണ് മേളയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അര ലിറ്റര്‍ വെള്ളവുമായി മേളയിലെത്തുന്ന ആര്‍ക്കും 15 മിനിറ്റിനുള്ളില്‍ ജലത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് മടങ്ങാം. 850 രൂപ ചെലവ് വരുന്ന ജല പരിശോധനയാണ് സൗജന്യമായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ രാസ പരിശോധനകള്‍ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകള്‍ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. വിദഗ്ധ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം. ജലപരിശോധനയ്ക്ക് പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് രൂപത്തില്‍ ഒറ്റനോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.