പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി:- പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.

കൊച്ചി :പാസ്പോർട്ട് പരിശോധനയ്ക്ക് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ .
എറണാകുളം ജില്ലയിലെ വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ എൽദോ പോൾ ആണ് പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങവെ എറണാകുളം വിജിലൻസിന്റെ പിടിയിലായത്.
എറണാകുളം കൊങ്ങോർപ്പിള്ളി സ്വദേശിയായ പരാതിക്കാരൻ വിദേശത്ത് പോകുന്നതിന്റെ ആവശ്യത്തിലേക്ക് പാസ്പോർട്ട് എടുക്കുന്നതിന് ഓൺലൈനിൽ അപേക്ഷിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്കായി പരാതിക്കാരനെ വിളിച്ച എൽദോ 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റിന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 500 രൂപ കൈക്കൂലി വാങ്ങവേ എൽദോ പോളിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി ജില്ലയിൽ വിജിലൻസിന്റെ വ്യാപക പരിശോധന നടത്തി വരികയാണ്.