സഹോദരിമാർ പീഡനത്തിന് ഇരയായി; മാതാവിന്റെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : പത്തും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ മാതാവിന്റെ ആൺ സുഹൃത്തിനെ പോലീസ്‌ പിടികൂടി. അയ്യമ്പുഴ സ്വദേശി ആണ് കുറുപ്പുംപടി പോലീസിന്റെ പിടിയിലായത്. കുട്ടികളുടെ പിതാവ് മരണപ്പെട്ടതിനുശേഷം മാതാവുമായി അടുത്ത പ്രതി രണ്ടു വർഷമായി കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.
കുട്ടികളുടെ അമ്മയ്ക്കും വിവരം അറിയാമായിരുന്നു എന്നാണ് ലഭ്യമായ വിവരം.
കൂടുതൽ സുഹൃത്തുക്കളെ വീട്ടിലേക്ക് എത്തിക്കണമെന്ന് കുട്ടികളോട് ഇയാൾ പറഞ്ഞിരുന്നു. ഇതിൽ ഭയപ്പെട്ട കുട്ടികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് സഹപാഠികൾക്ക് കത്തെഴുതിയതോടെയാണ് കുട്ടികൾ നേരിട്ട പീഡന വിവരങ്ങൾ പുറത്തിറഞ്ഞത്. ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ കത്ത് സഹപാഠികൾ അധ്യാപകർക്ക് നൽകി. തുടർന്ന് അദ്ധ്യാപകർ പോലീസ് ഉദ്യോഗസ്ഥരെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളെ രണ്ടുവർഷമായി ആൺ സുഹൃത്ത് പീഡിപ്പിക്കുന്ന വിവരം കുട്ടികളുടെ മാതാവ് മറച്ചു വെച്ചതായാണ് ലഭ്യമായ വിവരം.
കുറുപ്പംപടി പോലീസ്‌ മാതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.