ഡിജിപിയെ കൊന്നത് ഭാര്യതന്നെ; മകളും പ്രതിയായേക്കും

ബാംഗ്ലൂർ: കർണ്ണാടക മുൻ ഡിജിപി ഓംപ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കറിക്കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
സ്വത്തിന്റെ പേരിൽ കുറച്ചു ദിവസങ്ങളായി വീട്ടിൽ പ്രശ്നങ്ങൾ നടന്നു വരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഓംപ്രകാശിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ ആണ് കൊലപാതകം നടത്തിയത് ഭാര്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത് . സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മകളുടെ പേരിലും കേസെടുത്തേക്കും
കറിക്കത്തി ഉപയോഗിച്ച് പത്തിലധികം തവണ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിയാണ് കൊലപാതകം നടത്തിയത്.
സ്വത്തിന്റെ സിംഹഭാഗവും ഓംപ്രകാശ് സഹോദരിക്ക് എഴുതി നൽകിയിരുന്നു. ബാക്കി സ്വത്തുക്കൾ മൂത്ത മകൻ കാർത്തികേഷനും നൽകിയിരുന്നു.
ഇതിനെ തുടർന്ന് വീട്ടിൽ മകളും അമ്മയും ചേർന്ന് അച്ഛനെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മകൻ കാർത്തികേഷൻ പോലീസിൽ മൊഴി നൽകിയിരുന്നു. മകൻ തന്നെയാണ് അച്ഛന്റെ മരണത്തിൽ അമ്മയുടെയും സഹോദരിയുടെയും പേരിൽ പോലീസ് പരാതി നൽകിയതും.
അതേസമയം സംഭവം സമയം താൻ മൂന്നാം നിലയിലായിരുന്നെന്നും താഴെയിറങ്ങി വന്ന് നോക്കിയപ്പോൾ അച്ഛനെ കുത്തി കൊലപ്പെടുത്തിയ ശേഷം കസേരയിൽ ഇരിക്കുന്ന അമ്മയെയാണ് താൻ കണ്ടതെന്നുമാണ് മകൾ പോലീസിനോട് പറഞ്ഞത്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.