മാന്തോട്ടം ഒരുക്കി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കി നിയമപാലകർ.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി യുടെ 35 മത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  
ആണ് മാന്തോട്ടം ഒരുക്കിയത്. ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐഎഎസ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾ യുവതയെ ലഹരി വസ്തുക്കളുടെ  ഇഷ്ടക്കാരായി മാറുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പര്യാപ്തമാണെന്ന് കളക്ടർ പറഞ്ഞു.

2019-20 വർഷങ്ങളിലെ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്കാരവും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അവാർഡും നേടിയ ഭാരതത്തിലെ ആദ്യത്തെ സർവീസ് സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി സോഷ്യൽ ഫോറസ്റ്റിന്റെ മിയാവാക്കി വനത്തിനോട്  അനുബന്ധമായുള്ള സ്ഥലം വൃത്തിയാക്കി റവന്യൂ വകുപ്പിന്റെ അനുമതിയോടെയാണ് തോട്ടം ഒരുക്കുന്നത്. വിധയിനം മാവ് വർഗ്ഗങ്ങളുടെ 35 തൈകൾ ആണ്  നട്ടത്.   കൊല്ലം കോർപ്പറേഷന്റെ സഹായത്തോടെ മാവിൻ തൈകൾക്ക് മുടങ്ങാതെ  വെള്ളമൊഴിക്കുവാൻ വാട്ടർ ടാങ്കും  സ്ഥാപിച്ചു. പറവകൾക്ക് ദാഹം അകറ്റാനായി എസ്പി സി കുട്ടികൾ നീർക്കുടങ്ങളും ഒരുക്കി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കെ പി ഓ എ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷഹീർ സ്വാഗതവും  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദ് കുമാർ മുഖ്യപ്രഭാഷണവും നടത്തി.  അഞ്ചാലുംമൂട് എസ് എച്ച്  ഓ ജയകുമാർ ആർ, കെ പി ഓ എ ജില്ലാ സെക്രട്ടറി ജിജൂ.സി. നായർ, കെപിഎ ജില്ലാസെക്രട്ടറി വിമൽകുമാർ, കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം വിനോദ് കുമാർ, പോലീസ് സൊസൈറ്റി പ്രസിഡന്റ് ഷിനോദാസ്. എസ്. ആർ, കെ പി ഓ എ വൈസ് പ്രസിഡന്റ് കണ്ണൻ റ്റി, ട്രഷറർ മനു ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രദീപ്, സനോജ്,ജില്ലാ കമ്മിറ്റി അംഗം പ്രമോദ്, എസ്. അപ്പു തുടങ്ങിയവർ സംസാരിച്ചു.