സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തി ; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

കൊല്ലം : പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്.സുഭാഷ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ അടക്കണം. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കി.
2013 ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ  തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം.  20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പു നൽകി ആയിരുന്നു വിവാഹം നടത്തിയത്.
സ്ത്രീധനത്തുക മൂന്നു വർഷത്തിനുള്ളിൽ നൽകാമെന്നു കാണിച്ചു പ്രതികൾ തുഷാരയിൽ നിന്ന് കരാറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു . മൂന്നു വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ചു സെന്റ് സ്ഥലം നൽകണമെന്നായിരുന്നു കരാർ. എന്നാൽ, മൂന്നു മാസം പിന്നിട്ടപ്പോൾ മുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാര സ്വന്തം വീട്ടിൽ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ അനുവദിച്ചില്ല. രണ്ടു പെൺകുട്ടികൾ ജനിച്ചെങ്കിലും അവരെ കാണാൻ പോലും തുഷാരയുടെ വീട്ടുകാരെ അനുവദിച്ചിരുന്നില്ലന്നും മാതാപിതാക്കൾ പറഞ്ഞു.

2019 മാർച്ച് 21ന് രാത്രി മകൾ മരിച്ചെന്ന വിവരം തുഷാരയുടെ  വീട്ടിൽ  ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തി. മൃതദേഹം കണ്ടപ്പോൾ ദയനീയമായ ശോഷിച്ച രൂപമായിരുന്നു. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ  പൂയപ്പള്ളി പൊലീസിൽ നൽകി.  തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ
ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരന്നു എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ചർമം എല്ലിനോടു ചേർന്നു മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു. മസ്തിഷ്കത്തിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നതായും . പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ശാസ്ത്രീയമായ തെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി.
പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവരാണ് അന്വേഷണം നടത്തിയത്. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, വിദ്യ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായികൾ.