കെ.എം എബ്രഹാമിന് ആശ്വാസം; സിബിഐ തുടർനടപടികൾക്ക് സ്റ്റേ

ദില്ലി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം.
കെ എം എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ നടപടികൾ സുപ്രീംകോടതി റദ്ദാക്കി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് കെ എം എബ്രഹാമിന് വേണ്ടി കോടതിയിൽ ഹാജരായത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് ചട്ടങ്ങൾ പാലിച്ചുകൊണ്ടല്ലന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. അഭിഭാഷകന്റെ വാദത്തെ പിന്തുണച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയത്.

കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കൊച്ചി സിബിഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചത്.
സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാൽ വിശദമായ വാദം കേട്ടതിനു ശേഷം മാത്രമേ സിബിഐക്ക് തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.