പുനലൂര്‍ – വാളക്കോട് സമാന്തര റോഡിന് ദേശീയപാത അതോറിറ്റിയുടെ അനുമതി: എൻ കെ പ്രേമചന്ദ്രൻ എം പി

കൊല്ലം : പുനലൂര്‍ – വാളക്കോട് നിലവിലുളള പാലത്തിന് സമാന്തരമായി റോഡ് നിര്‍മ്മാണത്തിന് 3.57 കോടി രൂപയുടെ പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്‍ഡ്യ അനുമതി നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
വാളക്കോടുളള വീതി കുറഞ്ഞ പാലത്തിലൂടെയുളള ഗതാഗതം പ്രദേശത്ത് വലിയ ഗതാഗത കുരുക്കിന് കാരണമായിരുന്നു. ഗതാഗത കുരുക്കില്‍ നിന്നും ഒഴിവാകുന്നതിനായി പാലം കടക്കുവാന്‍ വാഹനങ്ങള്‍ വേഗത കൂട്ടുന്നതു മൂലം അപകടങ്ങളും വര്‍ദ്ധിച്ചിരുന്നു. വാളക്കോട് പൊറ്റന്‍ഷ്യല്‍ ബ്ലാക്ക് സ്പോട്ട് ആയി പരിഗണിച്ച് പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി റോഡ് വികസനം സാധ്യമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പൊറ്റന്‍ഷ്യല്‍ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്നതിലേയ്ക്കായി റോഡ് വികസനത്തിന് തുക അനുവദിച്ചത്.

അഞ്ചര മീറ്റര്‍ വീതിയില്‍ നിലവിലുളള പാലത്തിന് സമാന്തരമായി റയില്‍വേ ട്രാക്കിന് മുകളില്‍ റോഡ് നിര്‍മ്മാണത്തിനാണ് പദ്ധതി. നിലവിലുളള നാലര മീറ്ററും പുതിയതായി നിര്‍മ്മിക്കുന്ന അഞ്ചര മീറ്ററും ചേര്‍ന്ന് 10 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനാണ് പദ്ധതി.

റയില്‍വേ അധികൃതരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലപരിശോധന നടത്തിയതിനു ശേഷമാണ് റോഡ് വികസനത്തിനുളള പദ്ധതി സമര്‍പ്പിച്ചതും അനുമതി ലഭിച്ചതും. അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ്. പദ്ധതിയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വാളക്കോട് റോഡ് വികസനം ഏറ്റെടുത്ത് നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള പൊതുമരാമത്ത് ദേശീയപാത വിഭാഗം നടപടി സ്വീകരിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.