മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം

തിരുവനന്തപുരം : ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് പിടിയിലായത് .തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്‌. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം നൽകുകയായിരുന്നു. ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്വേതാ ശശിധരൻ ആണ് ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തിനെതിരെയും ഉയർന്ന അഴിമതികൾ ചാനലിലൂടെ നിരന്തരം താൻ പറയുന്നതിലുള്ള അമർഷത്തിൽ മുഖ്യമന്ത്രി ചെയ്തതായിരിക്കാം ഈ അറസ്റ്റ് എന്ന് ജാമ്യം ലഭിച്ചശേഷം ഷാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതോടൊപ്പം മുൻപ് സംസ്ഥാനം മൊത്തം തിരഞ്ഞിട്ടും തന്നെ പിടികൂടാൻ കഴിയാതിരുന്നതിനുള്ള അമർഷം ഡിജിപി യ്ക്ക് ഉണ്ടായിരിക്കാമെന്നും, റിട്ടയർമെന്റിന് മുൻപ് ആരെയെങ്കിലും പ്രീണിപ്പിക്കാൻ വേണ്ടി ഈ അവസരം ഡിജിപി വിനിയോഗിച്ചത് ആയിരിക്കാമെന്നും ഷാജൻ പറഞ്ഞു.

പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കുടുംബവീട്ടിൽ നിന്ന് തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയിൽ ആരോ തന്നെ പിന്തുടരുന്നതായി സംശയം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു റോഡിലേയ്ക്ക് വാഹനം വഴിമാറി ഓടിച്ചപ്പോൾ പിന്തുടരുന്ന വാഹനവും തന്റെ പിറകിലെത്തി ഇതോടെ സംശയം ബലപ്പെട്ടു. തുടർന്ന് മാതാപിതാക്കളുമായി വീട്ടിലെത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു വീട്ടിലെത്തിയ പോലീസ് പിടികൂടിയത്.
ഷർട്ട് പോലും ധരിക്കാൻ അനുവദിച്ചില്ല, അഭിഭാഷകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഫോൺ പിടിച്ചു വാങ്ങി. വൃദ്ധരായ മാതാപിതാക്കളുടെ മുന്നിലൂടെ ക്രിമിനലുകളെ കൊണ്ടുപോകുന്ന തരത്തിലായിരുന്നു തന്നെ കൊണ്ടുപോയതെന്നും ഷാജൻ പറഞ്ഞു.