കുറഞ്ഞചിലവില്‍ ശുചിത്വമുറപ്പാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്

മുഖത്തല : വിദ്യാര്‍ഥികള്‍ക്കായി ശുചിത്വപാലനത്തിന്റെ കാലികസംവിധാനങ്ങള്‍ സജ്ജമാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും സംസ്‌കരണത്തിനായി ഇന്‍സിനറേറ്ററുകളും സ്ഥാപിച്ചാണ് മാതൃകാപദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ശുചിത്വമിഷന്റെ സഹകരണത്തോടെ ബ്ലോക്ക്പരിധിയിലെ 13 സ്‌കൂളുകളില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.76 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
വിവിധ സ്‌കൂളുകളിലെ ടോയ്‌ലറ്റ് ബ്ലോക്കുകളിലും സ്റ്റാഫ് റൂമുകളിലുമായി സ്ഥാപിച്ച മെഷീനില്‍ അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ കടകളില്‍ പോകാതെതന്നെ അവശ്യഘട്ടങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാകും.
ആയിരത്തിലേറെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത് പ്രയോജനകരമായെന്ന് അധ്യാപകരും വിദ്യാര്‍ഥിനികളും സാക്ഷ്യപ്പെടുത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ പറഞ്ഞു.