ഓ ടി ടി യിൽ ഈയാഴ്ചയിലെത്തുന്ന മലയാളം സിനിമകൾ

മലയാളത്തിൽ നിന്ന് ഏറ്റവും പുതിയ കുറച്ച് സിനിമകൾ കൂടി ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഫാമിലി എന്റർടെയ്‌നർ, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ, പ്രണയം തുടങ്ങി വൈവിധ്യമാർന്ന വിരുന്നാണ് ഈ ആഴ്ച(ജൂൺ 16- ജൂൺ 22) പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ സീ5-ലൂടെയാണ് ഒ.ടി.ടിയിലെത്തുക. ജൂൺ 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപിന്റെ 150-ാമത്തെ ചിത്രമാണ്.”

“കോമഡിക്ക് പ്രാധാന്യം നൽകിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ മേയ് ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേരള ക്രൈം ഫയൽസ് 2

മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് 2 ഉടൻ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. കേരള ക്രൈം ഫയൽസ് 2 ജൂൺ 20 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. വെബ് സീരീസ് റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്ലാറ്റ്‌ഫോമിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ നടത്തി. ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്

“കേരള ക്രൈം ഫയൽസ് 2ൽ അജു വർഗീസും ലാലും ആദ്യ സീസണിലെ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സാനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിൻ ഷെരീഫ്, ജിയോ ബേബി തുടങ്ങിയ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന പരമ്പരയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ബാഹുൽ രമേശ് ആണ്.”

“ആപ് കൈസെ ഹോ?

ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വിനയ് ജോസ് സംവിധാനം ചെയ്ത ‘ആപ് കൈസെ ഹോ?’. ധ്യാൻ രചിച്ച ചിത്രം മാനുവൽ ക്രൂസ് ഡാർവിനും അംജത്തും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ, ജൂഡ് ആന്‍റണി ജോസഫ്, അജു വർഗീസ്, ജീവ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ നെസ്റ്റിലൂടെയാമ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്.”