കൊല്ലത്ത് വൻ എം ഡി എം എ  വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ

കൊല്ലം: കാ​റി​ൽ വിൽപ്പനയ്ക്കായി എത്തിച്ച എം.​ഡി.​എം.​എ​ യു​മാ​യി മൂന്നുപേ​ർ അ​റ​സ്റ്റി​ൽ.  വടക്കേവിള തട്ടാമല ത്രിവേണി 12 മുറി നഗറിൽ മുഹമ്മദ് അനീസ്  (25),  ഇരവിപുരം വാളത്തുങ്കൽ ഹൈദ്രാലി നഗർ  വെളിയിൽ പുത്തൻവീട്ടിൽ ഷാനുർ(31),  ഇരവിപുരം വാളത്തുങ്കൽ  തവളയന്റഴികത്ത് വീട്ടിൽ സെയ്ദലി (26) എന്നിവരെയാണ്  രണ്ടു കറുകളിലായി വില്പനയ്ക്കായി കൊണ്ട് വന്ന 48 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കൊല്ലം റെയിഞ്ച് ഇൻസ്‌പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടാംപ്രതി മനോഫർ സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 
കൊല്ലം റെയിഞ്ച്  ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിൽ ആണ് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വൻതോതിൽ വാങ്ങി കുണ്ടറ, കേരളപുരം കരിക്കോട് ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി കൊണ്ടുവന്ന സംഘം പിടിയിലായത്.  

ബാംഗ്ലൂരിൽ നിന്ന് പ്രതികൾ കടത്തിക്കൊണ്ടുവന്ന എംഡിഎം എ  കേരളപുരത്ത് വച്ച്  വിൽക്കുന്നതിനും വാങ്ങുന്നതിനും ഇടയിൽ ആണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. ഇവരുടെ കാറുകളും എക്സൈസിന്റെ കസ്റ്റഡിയിൽ ആയിട്ടുണ്ട്.  കൂടാതെ ഓടിപ്പോയ മനോഫറിനെ പിടികൂടുന്നതിനായിട്ടുള്ള  അന്വേഷണം നടന്നു വരികയാണ്.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷഹാലുദ്ദീൻ, ആർ.ജി വിനോദ് , പ്രിവെന്റീവ് ഓഫീസർമാരായ ഹരികൃഷ്ണൻ, അനീഷ് കുമാർ,ജ്യോതി ,ഷെഫീഖ്, നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ്, ജിത്തു, ഗോകുൽ, ഉണ്ണികൃഷ്ണൻ വനിതാ സിവിൽ എക്സൈസ് ഓഫീസറായ പ്രിയങ്ക എന്നിവർ ചേർന്നാണ്  ഇവരെ അറസ്റ്റ്‌ ചെയ്തത്.