കൊട്ടാരക്കര: പോലീസ് സ്റ്റേഷനിൽ വച്ച് ഗ്രേഡ് എസ്.ഐ യെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. തലവൂർ സ്വദേശിയായ രാജനെ ആണ് പുനലൂർ അസിസ്റ്റൻ്റ് സെഷൻസ് ജഡ്‌ജ് റ്റി.വി ബിജു വെറുതെ വിട്ടത്.
2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊല്ലം കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത കൊണ്ട് വന്ന പ്രതിയെ കൈവിലങ്ങിട്ട് ലോക്കപ്പിൽ സൂക്ഷിക്കുകയും വിലങ്ങഴിക്കാനായി ലോക്കപ്പിൽ കയറിയ അന്നത്തെ ജി.ഡി ചാർജ്ജിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ കുരികേശുവിനെ പ്രതി വിലങ്ങഴിച്ചു മാറ്റുന്നതിനിടയിൽ അടിവയറ്റിൽ ആഞ്ഞിടിക്കുകയും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ കുരികേശുവിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും കൈവിരലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.
കുന്നിക്കോട് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.