കോട്ടയം മെഡിക്കൽ കോളേജിന്റെ ഭാഗം തകർന്നു വീണ് പരിക്കേറ്റ യുവതി മരിച്ചു

കോട്ടയം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവാദങ്ങൾക്ക് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിപ്പോയ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56)വാണ് മരിച്ചത്.
ചികിത്സയിലുള്ള മകൾക്ക് കൂട്ടായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. കുളിക്കാനായി പോയപ്പോൾ ആയിരുന്നു കെട്ടിടം തകർന്നുവീണ് മരണം സംഭവിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെ പറഞ്ഞിരുന്നു. ബന്ധുക്കൾ പോലീസിനെയും മാധ്യമപ്രവർത്തകരെയും അറിയിച്ചതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പൊലീസും ഫയർഫോഴ്സും മണിക്കൂറികൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റ നിലയിൽ പുറത്തെടുത്തത്. പിന്നീട് ഇവരെ അടിയന്തരചികിത്സാ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മണം സ്ഥിരീകരിക്കുകയായിരുന്നു. ഇനിയും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.
സർജറി ഓർത്തോ പീഡിക്‌സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്.

അപകടത്തിൽ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകർന്ന് വീണതെന്ന് മന്ത്രി വീണാ ജോർജും വി എൻ വാസവനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്.