കൊല്ലം: പട്ടത്താനം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാലാമത്തെ എസ്.പി.സി ബാച്ചിന്റെ ഉദ്ഘാടനവും യുണിറ്റിന്റെ ആദ്യ രക്ഷകർത്തൃ യോഗവും കൊല്ലം സിറ്റി ഡിഎച്ച് ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു നിർവഹിച്ചു.
സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ശേഷിയുള്ളതും നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ ബോധമുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾക്ക് കഴിയുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പരിശീലനത്തിലൂടെ വിദ്യാർത്ഥികളിൽ പൗരബോധം, സമത്വബോധം, മതേതര വീക്ഷണം, അന്വേഷണ ത്വര, നിരീക്ഷണ പാടവം, നേതൃശേഷി, സാമൂഹിക മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്താൻ കഴിയുമെന്നും വൈ. സാബു പറഞ്ഞു.
എസ്.പി.സി യെ സംബന്ധിച്ചും പരിശീലനങ്ങളെ സംബന്ധിച്ചും അദ്ദേഹം രക്ഷിതാക്കൾക്കും കേഡറ്റുകൾക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. പ്രഥമധ്യാപിക സിസ്റ്റർ ഫ്രാൻസിനീ മേരി അധ്യക്ഷത വഹിച്ചു. സിപിഒ മാരായ പ്രമീള പയസ്,ബി.ലിസി പോലീസ് ഓഫീസർമാരായ എം.ജെ. ബിജോയ്, സുജിൻ, ജ്യോതിഷ്, അമൃത എന്നിവർ പ്രസംഗിച്ചു.