തിരുവനന്തപുരം : നെടുമങ്ങാട് പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍. പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോട് വീട്ടില്‍ മുഹമ്മദ് അലി (41),കല്ലുവാതുക്കല്‍ നടക്കല്‍ സജീവ് (49) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പാലോട് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പള്ളിക്കല്‍ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുള്‍ ജലീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ കാർ പോർച്ചില്‍ നിന്ന് ഒരു ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനവും വീടിന് പിറകില്‍നിന്ന് 3 ചാക്ക് ചന്ദനവുമാണ് പിടികൂടിയത്.102 കഷണം ചന്ദനവും ചീളുകളുമാണ് കണ്ടെത്തിയത്.
പരിചയക്കാരനായ ഒരാള്‍ അങ്ങാടി മരുന്ന് എന്ന വ്യാജേന സൂക്ഷിക്കാൻ ഏല്പിച്ചതാണെന്ന അബ്ദുള്‍ ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളായ സജീവ്, മുഹമ്മദലി എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ തുടർന്ന് അഞ്ചലില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പിടികൂടി.
വിപണയിൽ 5 ലക്ഷത്തിനുമേല്‍ വില വരുന്ന ചന്ദനത്തടികളാണ് പിടികൂടിയതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
ഇവർ കൂടി കണ്ണികളായ ഒരു സംഘത്തെ ഇക്കഴിഞ്ഞ മാർച്ച് 18ന് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വൻ റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും ചന്ദനമരം കണ്ടെത്തി വിലപേശുന്ന സംഘം, ചന്ദനമരം കിട്ടിയില്ലെങ്കില്‍ മുറിച്ചു കടത്തുകയാണ് പതിവ്. പ്രതികളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ,എസ്.എഫ്.ഒ സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്ദു,ഡോണ്‍,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.