ജനനായകൻ വിഎസിന്റെ സംസ്കാര ചടങ്ങുകളുടെ സമയക്രമത്തിൽ മാറ്റം

ആലപ്പുഴ : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. എല്ലാവർക്കും അതിനുള്ള അവസരം ഉണ്ടാക്കും. അതിനാൽ നേരത്തെ നിശ്ചയിച്ച സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിയോടെ ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. മൃതദേഹവും വഹിച്ചുള്ള കെഎസ്‌ആർടിസിയുടെ പുഷ്പാലംകൃത ബസ് 20 മണിക്കൂർ പിന്നിടുമ്ബോഴും ആലപ്പുഴയിലെ തോട്ടപ്പിള്ളിയിലെ എത്തിയിട്ടുള്ളു.
ഇനി 16 കിലോമീറ്റർ കൂടിയാണ് പുന്നപ്രയിലെത്താന്‍ ഉള്ളത്.
വിഎസിന്റെ ഭൗതിക ദേഹം ആദ്യം കുടുംബവീടായ പുന്നപ്ര വേലിക്കകത്ത് വീട്ടിലേക്കാണ് എത്തിക്കുക. തുടർന്ന് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച്‌ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ശേഷം പുന്നപ്ര വയലാർ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകുന്നേരം അഞ്ചു മണിയോടെ സംസ്കാരചടങ്ങുകൾ നടത്തും.