തൃശൂർ : വോട്ടെടുപ്പ് ക്രമക്കേട് വിവാദങ്ങൾക്കിടയിൽ സുരേഷ് ഗോപി എം.പി തൃശൂരിൽ എത്തി. വന്ദേ ഭാരത് ട്രെയിനിൽ എത്തിയ സുരേഷ് ഗോപിക്ക് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ.
അതേസമയം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് വിവാദങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ആണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ നിന്ന് അശ്വനി ആശുപത്രിയിലേക്ക് തിരിച്ചത്.
കഴിഞ്ഞദിവസം പോലീസിന്റെ ആക്രമത്തിൽ പരിക്കേറ്റ് അശ്വനി ആശുപത്രിയിൽ ചികിത്സയിലുള്ള ബിജെപി പ്രവർത്തകരെ കാണുവാനായാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്.
ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേരാണ് പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്.
സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് ചേരൂരിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. മാര്‍ച്ചിനിടെ സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു. ഈ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്.
ആശുപത്രി സന്ദർശത്തിനു ശേഷം ക്യാമ്പ് ഓഫീസിൽ എത്തും. തുടർന്ന് കോതമംഗലത്തേക്ക് പോകുമെന്നാണ് ലഭ്യമായ വിവരം.