കൊല്ലത്ത് വൻ കഞ്ചാവ് വേട്ട: 8.286 കി.ഗ്രാം കഞ്ചാവും വടിവാളും പിടികൂടി; ഒദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു
കൊല്ലം: കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 8.286 കിലോഗ്രാം കഞ്ചാവും വടിവാളും പിടിച്ചെടുത്തു. കഞ്ചാവ് പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളും സംഘത്തിൽ നിന്ന് കണ്ടെത്തി. തൃശൂർ പീച്ചി മനയ്ക്കപ്പാടം പുളിന്തറ വീട്ടിൽ സ്റ്റാൻലി പീറ്റർ (26) എന്നയാളെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്ത് കേസെടുത്തു.
കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കിളികൊല്ലൂർ സ്വദേശിയായ നിഷാദ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ സിവിൽ എക്സൈസ് ഓഫീസർ ജോജോയെ കാറിടിപ്പിച്ച് വീഴ്ത്തി നിഷാദ് രക്ഷപ്പെട്ടു. പരിക്കേറ്റ ഉദ്യോഗസ്ഥൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഷാദിനായി അന്വേഷണം ആരംഭിച്ചു. ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര കന്നിമേൽ ചേരി ഭാഗത്താണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ അസീസ്, ജോജോ, സൂരജ്, ലാൽ, ജാസ്മിൻ, പ്രിവന്റ്റീവ് ഓഫിസർ പ്രസാദ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.