ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിനെ നടുക്കി ചാവേറാക്രമണം. കാറിൽ എത്തിയ ഭീകരനാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നഗരത്തിലെ തിരക്കേറിയ ഒരു പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. കാർ ലക്ഷ്യസ്ഥാനത്ത് എത്തിയ ഉടൻ തന്നെ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവസ്ഥലത്ത് പാക് സൈന്യവും സുരക്ഷാ ഏജൻസികളും എത്തി പരിശോധനകൾ നടത്തിവരികയാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.