മുംബൈ: ഇതിഹാസ ബോളിവുഡ് നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകൾ നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഇഷ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
തന്റെ പിതാവിന്റെ ആരോഗ്യം തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു എന്നും ഇഷ അറിയിച്ചു. “മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ അൽപ്പം വേഗത്തിലാണെന്നു തോന്നുന്നു. എന്റെ പിതാവിന്റെ ആരോഗ്യം തൃപ്തികരമാണ്. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നു,” ഇഷ കുറിച്ചു.
ഈ സാഹചര്യത്തിൽ തങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് ഇഷ അഭ്യർത്ഥിച്ചു. കൂടാതെ, നടന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും അദ്ദേഹത്തിന് വേണ്ടി ആശംസകൾ നേരുകയും ചെയ്ത എല്ലാവർക്കും ഇഷ നന്ദി അറിയിച്ചു.
ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഷ ഡിയോൾ ഔദ്യോഗിക പ്രതികരണവുമായി എത്തിയത്.