ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; എൻ. വാസു റിമാൻഡിൽ

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റും സി.പി.ഐ.എം. നേതാവുമായ എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. 2019-ൽ ഇദ്ദേഹം ദേവസ്വം പ്രസിഡന്റായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.
​കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) കസ്റ്റഡിയിലുള്ള മുൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ മറ്റൊരു പ്രതിയായ മുരാരി ബാബു ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പിന്നീട് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
നിലവിൽ റിമാൻഡിലുള്ള തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിനെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി. പ്രതിക്കായി കസ്റ്റഡി അപേക്ഷ എസ്.ഐ.ടി. ഉടൻ സമർപ്പിക്കും.
​എസ്.ഐ.ടി. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വാസുവിനെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്.
​രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി പകരം ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശിപാർശ നൽകി.
​പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
​ദേവസ്വം ബോർഡിന് നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോർട്ട് അടിവരയിടുന്നു.
​ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്.ഐ.ടി. കോടതിയിൽ അറിയിച്ചു. കേസിൽ എൻ. വാസുവിനെ കുടുക്കിയത് മുൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ നിർണ്ണായക മൊഴിയാണ്. ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച വാസുവിന് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.

കോൺഗ്രസ് പ്രതിഷേധം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റ് സൃഷ്ടിച്ച വഴിത്തിരിവ് രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിൻ്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
​രാവിലെ 10 മണിക്ക് ആശാൻ സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്, മുൻ കെ.പി.സി.സി. പ്രസിഡന്റുമാർ, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി. ഭാരവാഹികൾ, എം.പിമാർ എന്നിവർ മാർച്ചിൽ പങ്കെടുക്കും.