ഇന്ത്യയുടെ തേജസ് വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു

ദുബായ് ∙ ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചു.
​ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ, ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച തേജസ് വിമാനം തകർന്നത്.
​മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു.