പാലത്തായി കേസ്: റിട്ട. ഡിവൈ.എസ്.പിക്ക് മറുപടിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ; ‘സ്വന്തം ബാച്ചുകാരനെ വെള്ളപൂശാൻ ശ്രമം’
കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സജീവമാകുന്നു. വിധിയിൽ സംശയം പ്രകടിപ്പിച്ച് റിട്ട. ഡിവൈ.എസ്.പി. അബ്ദുൽ റഹീം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ റിട്ട. എ.സി.പി. ടി.കെ. രത്നകുമാർ അക്കമിട്ട് മറുപടി നൽകി രംഗത്തെത്തി.
പോക്സോ നിയമം എതിരാളികളെ കുടുക്കാനുള്ള ‘ഇരുതല മൂർച്ചയുള്ള ആയുധമാണ്’ എന്നും, പാലത്തായി കേസ് ഇതിന്റെ ദുരുപയോഗത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നുമാണ് മുൻ ഡി.വൈ.എസ്.പി. അബ്ദുൽ റഹീം ഫേസ്ബുക്കിൽ കുറിച്ചത്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.നേരത്തെ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എസ്.ഐ.ടിയും അന്വേഷിച്ചിട്ടും പോക്സോ കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയെന്നാണ് അബ്ദുൽ റഹീം ആരോപിച്ചിരുന്നത്.
’ഫയൽ വായിച്ചിട്ട് മതി നിഗമനം’
എന്നാൽ, കേട്ടറിവിന്റെ അടിസ്ഥാനത്തിൽ വിമർശനം ഉന്നയിക്കരുതെന്നും, പാനൂർ സ്റ്റേഷനിലെ കേസ് ഫയൽ വായിക്കണമെന്നും ടി.കെ. രത്നകുമാർ മറുപടിയിൽ ആവശ്യപ്പെട്ടു. സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനാണ് റിട്ട. ഡിവൈ.എസ്.പി. ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ദീർഘമായ മറുപടി.
രത്നകുമാർ മറുപടിയിൽ ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുതകൾ:
മൊഴിയിലെ സ്ഥിരത: അതിജീവിതയുടെ മൊഴി പത്തിലേറെ തവണ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ മൊഴികളിലും പ്രതി ബാത്റൂമിൽ വെച്ച് പീഡിപ്പിച്ച കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
പ്രതിയുടെ നടപടി: പരാതി വന്ന ഉടനെ പ്രതി സഹപ്രവർത്തകരോട് പോലും പറയാതെയും അപേക്ഷ നൽകാതെയും അവധിയിൽ പോവുകയായിരുന്നു.
തെളിവുകൾ: അതിജീവിതയുടെ മൊഴിയും, പരിശോധിച്ച ഡോക്ടറുടെ മൊഴിയും, മെഡിക്കൽ എവിഡൻസും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
മേൽക്കോടതി: പ്രതിക്ക് മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. ബഹുമാനപ്പെട്ട കോടതി അത് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ നാൾവഴികൾ
കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടക്കാല കുറ്റപത്രത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളാണ് ചുമത്തിയത്. പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോസ്റ്റൽ എ.ഡി.ജി.പി. ഇ.ജെ. ജയരാജൻ, എ.സി.പി. രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്. 2021 മെയ് മാസത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചു. 2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കെ. പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സർവീസിൽ നിന്ന് വിരമിച്ച ടി.കെ. രത്നകുമാർ നിലവിൽ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സി.പി.എം. സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഇതിനിടെയാണ് പാലത്തായി കേസിൽ വിധി വരുന്നത്