കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ ഡിസൈനറുമായ എൻ.എം. ബാദുഷക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നടൻ ഹരീഷ് കണാരൻ രംഗത്ത്. 20 ലക്ഷത്തോളം രൂപ കടമായി നൽകിയതിൽ തുച്ഛമായ തുക മാത്രമാണ് ബാദുഷ തിരിച്ചുനൽകിയതെന്നും, ഇതിനുശേഷം തന്നെ പല സിനിമകളിൽ നിന്നും മനഃപൂർവം മാറ്റിനിർത്തിയതായും ഹരീഷ് കണാരൻ വെളിപ്പെടുത്തി. ബാദുഷ സമാനരീതിയിൽ നടൻ ധർമ്മജന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റിയതായും ഹരീഷ് ആരോപിക്കുന്നു.
ബാദുഷയുടെ ഏറ്റവും പുതിയ സിനിമയായ ‘റേച്ചലിന്റെ’ റിലീസിന് ശേഷം മാത്രം പ്രതികരിക്കാം എന്നാണ് നിർമ്മാതാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുള്ളത്.
20 ലക്ഷം കൈമാറിയത് ബാങ്ക് വഴി
2018-ൽ ‘കല്യാണം’ എന്ന സിനിമ മുതലാണ് ബാദുഷ മറ്റ് സിനിമകൾക്കുവേണ്ടി തന്റെ ഡേറ്റ് മാനേജ് ചെയ്യാൻ തുടങ്ങിയതെന്ന് ഹരീഷ് കണാരൻ പറയുന്നു. താൻ പ്രധാന വേഷത്തിലെത്തിയ ‘കള്ളൻ ഡിസൂസ’യുടെ ഷൂട്ടിംഗ് സമയത്താണ് ബാദുഷ ഒബ്‌റോൺ മാളിന് സമീപമുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വഴിയാണ് ഈ പണം കൈമാറിയത്.
പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ബാദുഷ തിരികെ നൽകിയില്ല. ഈ കാലയളവിൽ സമാനമായ ആവശ്യം പറഞ്ഞ് ധർമ്മജന്റെ കയ്യിൽ നിന്നും ബാദുഷ പണം വാങ്ങിയിരുന്നു എന്നും ഹരീഷ് ആരോപിക്കുന്നു.
സിനിമകളിൽ നിന്ന് മാറ്റിനിർത്തി
കോവിഡ് സമയത്ത് സിനിമ പ്രവർത്തകർക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാനായി താൻ ഒരു ലക്ഷം രൂപയും, പ്രൊഡക്ഷൻ കൺട്രോളർ ഷഫീർ സേട്ടിന്റെ ചികിത്സയ്ക്കായി 50,000 രൂപയും നൽകിയതായും ഹരീഷ് വെളിപ്പെടുത്തി.
തന്റെ വീട് പുതുക്കിപ്പണിയുന്നതിനായി പണം ആവശ്യമായി വന്നപ്പോഴാണ് ഹരീഷ് കണാരൻ ബാദുഷയോട് കടം തിരിച്ചുചോദിക്കുന്നത്. ‘വെടിക്കെട്ട്’ സിനിമയുടെ റിലീസിന് ശേഷം പണം നൽകാമെന്ന് ബാദുഷ ഉറപ്പ് നൽകിയെങ്കിലും, സിനിമ സാമ്പത്തിക വിജയമാവാത്തതിനാൽ വീണ്ടും സമയം നീട്ടി ചോദിച്ചു. തുടർന്ന് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ഹരീഷ് കണാരൻ ഈ വിഷയം ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി പങ്കുവെച്ചു. അതിനുശേഷം ചെറിയൊരു തുക ബാദുഷ തിരികെ നൽകി.
എന്നാൽ, ഈ സംഭവത്തിന് ശേഷം തന്നെ തേടിവന്ന സിനിമകളെല്ലാം നഷ്ടമായതായി ഹരീഷ് ആരോപിക്കുന്നു. ഡേറ്റിനായി വിളിക്കുന്നവരോട് ‘ഡേറ്റില്ല’ എന്ന് പറഞ്ഞ് ബാദുഷ മടക്കി അയക്കുകയായിരുന്നു. ‘എ.ആർ.എം.’ എന്ന സിനിമയിൽ നിന്ന് സംവിധായകനെയും ടൊവിനോയെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്നെ ഒഴിവാക്കിയതായും താരം പറയുന്നു. അടുത്തിടെ നടന്ന ഒരു അവാർഡ് നിശയിൽ വെച്ച് ടൊവിനോയുമായി സംസാരിച്ചപ്പോഴാണ് താൻ ഒഴിവാക്കപ്പെടാൻ കാരണം ബാദുഷയാണെന്ന് മനസ്സിലാക്കിയതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
നിയമനടപടിയിലേക്ക്
‘അമ്മ’ സംഘടനയിലെ സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു എന്നിവർ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. സംഘടനകളുടെ ഇടപെടൽ വിലയിരുത്തിയ ശേഷം, പണം തിരികെ ലഭിച്ചില്ലെങ്കിൽ ബാദുഷക്കെതിരെ നിയമപരമായി നീങ്ങാനാണ് തന്റെ തീരുമാനമെന്നും ഹരീഷ് കണാരൻ വ്യക്തമാക്കി.