ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നൽകി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) ആവശ്യം പരിഗണിച്ച് ഹൈക്കോടതി അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന എസ്ഐടിയുടെ അപേക്ഷയെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേസുമായി ബന്ധപ്പെട്ട എഫ്ഐആർ, അനുബന്ധ രേഖകൾ എന്നിവയ്ക്കായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരുൾപ്പെടെ കേസിലെ പ്രതികളെല്ലാം നിലവിൽ റിമാൻഡിലാണ്. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചപ്പോൾ, എൻ. വാസുവിന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അടക്കം ഇനിയും ലഭിക്കാനുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.