ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിൽ കേന്ദ്ര ഇടപെടൽ; ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു
ദില്ലി:ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് സൃഷ്ടിച്ച പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. വിമാന ടിക്കറ്റ് നിരക്കിലെ അമിതമായ വർദ്ധനവ് നിയന്ത്രിക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു. നിലവിലുള്ള യാത്രാതടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമായി ഉയർന്ന നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നടപടി.
നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ ഈ പരിധികൾ പ്രാബല്യത്തിൽ തുടരും. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് നിരക്ക് നിയന്ത്രണം കൊണ്ടുവന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിരക്ക് നിലവാരം നിരീക്ഷിക്കുന്നത് തുടരുമെന്നും വിമാനക്കമ്പനികളുമായും ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളുമായും സജീവമായി ഏകോപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
റീഫണ്ട് സമയപരിധി ഇന്ന് രാത്രി 8 മണി വരെ
ഇൻഡിഗോ യാത്രാക്കാർക്ക് കാലതാമസമില്ലാതെ ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകണമെന്ന് മന്ത്രാലയം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. റീഫണ്ട് നടപടികൾ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർബന്ധമാക്കി. കൂടാതെ, റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാരിൽ നിന്ന് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്