റോഡ് പണിക്കായി എടുത്ത കുഴിയിൽ വീണ് കാൽനടയാത്രികൻ മരിച്ചു

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കലുങ്കിനായി എടുത്ത കുഴിയിൽ വീണ് മധ്യവയസ്കൻ മരിച്ചു. വില്യാപ്പള്ളി സ്വദേശി ഏലത്ത് മൂസ (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപമായിരുന്നു അപകടം.
​വൈകിട്ട് ആറ് മണിയോടെ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു മൂസ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി വൈകി ഓവുചാലിൽ വീണ നിലയിൽ കണ്ടെത്തിയത്. തല കലുങ്കിന്റെ കോൺക്രീറ്റ് ഭാഗത്ത് ഇടിച്ച നിലയിലായിരുന്നു. ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ഇട്ട കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പോൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.