കൊല്ലം: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ അത് സ്നേഹാദരങ്ങളുടെ ഹൃദ്യമായ സംഗമമായി. 1996-ൽ കൊല്ലം ഗവൺമെന്റ് ടി.ടി.ഐയിൽ നിന്നും ടി.ടി.സി പഠിച്ചിറങ്ങിയ അധ്യാപക സുഹൃത്തുക്കളാണ്, 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തങ്ങളുടെ പ്രിയ സഹപാഠി സബ് ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിക്കാനായി ഒത്തുചേർന്നത്. നിലവിൽ കൊല്ലം ഡി.എച്ച്.ക്യു ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് വൈ. സാബു.
പന്തളം എൻ.എസ്.എസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി രഘുനാഥ് വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. ഔദ്യോഗിക ജീവിതത്തിലെ ഏത് വലിയ നേട്ടത്തേക്കാളും വിലപ്പെട്ടതാണ് ഇന്നും കെടാതെ നിൽക്കുന്ന ഈ സൗഹൃദമെന്ന് ആദരവിന് മറുപടിയായി സാബു പറഞ്ഞു.
ചടങ്ങിൽ പ്രഥമ അധ്യാപകരായ അച്ചാമ്മ, സന്ധ്യ, ഷൈനി എന്നിവർ ആശംസകൾ നേർന്നു. സാലി സ്റ്റീഫൻ, ബൈജു, വിനീത, പ്രീതി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വർഷങ്ങൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ പഴയകാല സ്മരണകൾ അയവിറക്കുന്നതിനൊപ്പം സൗഹൃദത്തിന്റെ കരുത്ത് വിളിച്ചോതുന്നതുമായി മാറി.
സൗഹൃദത്തിന് മാറ്റുകൂട്ടാനായി മെമ്മറി ഗെയിം, ഫ്രണ്ട്ഷിപ്പ് ക്വിസ്, വിവിധ വിനോദ മത്സരങ്ങൾ എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു