പുതുവത്സരത്തിൽ സുരക്ഷയുടെ ‘മധുരം’; യാത്രക്കാർക്ക് ശുഭയാത്രയേകി കുട്ടി പോലീസ്

കൊട്ടിയം: ആഘോഷത്തിനിടയിൽ റോഡിലെ ആപത്തുകൾ ഒഴിവാക്കാൻ കൈകോർത്ത് കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. പുതുവത്സരത്തോടനുബന്ധിച്ച് കൊട്ടിയം പോലീസുമായി സഹകരിച്ച് ഏറ്റവും തിരക്കേറിയ കൊട്ടിയം – ഹോളിക്രോസ് റൂട്ടിലാണ് കേഡറ്റുകൾ ‘ശുഭയാത്ര’ എന്ന പേരിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
​കഴിഞ്ഞ വർഷങ്ങളിൽ പുതുവത്സര വേളയിൽ കൊട്ടിയത്തും പരിസരങ്ങളിലുമുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷാ സന്ദേശമെത്തിക്കാൻ കേഡറ്റുകൾ നിരത്തിലിറങ്ങിയത്. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുക, അമിതവേഗത നിയന്ത്രിക്കുക, മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കേഡറ്റുകൾ യാത്രക്കാരെ ഓർമ്മിപ്പിച്ചു.
​നിയമം പാലിച്ചവർക്ക് മധുരം; മറ്റുള്ളവർക്ക് ഉപദേശം
ഹെൽമറ്റ് കൈവശമുണ്ടായിട്ടും ധരിക്കാതെ യാത്ര ചെയ്തവരെ സ്നേഹപൂർവ്വം ഉപദേശിച്ചും ഹെൽമറ്റ് ധരിപ്പിച്ചുമാണ് കുട്ടിപ്പാലീസ് യാത്രയാക്കിയത്. അതേസമയം, കൃത്യമായി നിയമങ്ങൾ പാലിച്ച് ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചെത്തിയ യാത്രക്കാരെ മധുരപലഹാരങ്ങളും പുതുവത്സര ആശംസ കാർഡുകളും നൽകി അഭിനന്ദിച്ചത് ശ്രദ്ധേയമായി.

​ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമധ്യാപിക ജൂഡിത് ലത, ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു, സി.പി.ഒ മാരായ എയ്ഞ്ചൽ മേരി, അനില, അധ്യാപകരായ ജെയ്സി , ജൂഡിത്, അയന, ഓഫീസ് സ്റ്റാഫ് ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.