പ്രശസ്ത നടി പൂനം ധില്ലൺ ജേർണലിസ്റ്റ് മീഡിയ ആൻഡ് അസോസിയേഷൻ 2026 കലണ്ടർ പ്രകാശനം ചെയ്തു.

കലാകാരന്മാരുടെ പ്രശ്നങ്ങളിൽ മാധ്യമ പിന്തുണ തേടി സിൻ്റാ പ്രസിഡൻ്റ്

മുംബൈ: ജേർണലിസ്റ്റ് മീഡിയ ആൻഡ് അസോസിയേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ 2026-ലെ പുതുവർഷ കലണ്ടർ പ്രശസ്ത ചലച്ചിത്ര താരവും സിൻ്റാ (CINTAA) നാഷണൽ പ്രസിഡൻ്റുമായ പൂനം ധില്ലൺ പ്രകാശനം ചെയ്തു. അന്ധേരി വെസ്റ്റിലെ സിൻ്റാ ടവർ ഓഫീസിൽ ബുധനാഴ്ചയായിരുന്നു ചടങ്ങ്. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഹൻസരാജ് കനോജിയയുടെ നേതൃത്വത്തിൽ പൂനം ധില്ലണെയും സിൻ്റാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ചന്ദ്രപ്രകാശ് താക്കൂറിനെയും പൊന്നാടയണിയിച്ചും

പൂച്ചെണ്ടുകൾ നൽകിയും ആദരിച്ചു.
മാധ്യമങ്ങൾ സമൂഹത്തിന്റെ വലിയ കരുത്താണെന്നും ജനപ്രതിനിധികളുടെയും കലാകാരന്മാരുടെയും ശബ്ദം രാജ്യമെമ്പാടും എത്തിക്കാൻ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് പൂനം ധില്ലൺ പറഞ്ഞു. സിനിമാ-സീരിയൽ രംഗത്തെ കലാകാരന്മാർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ അവർ ചടങ്ങിൽ പങ്കുവെച്ചു. വേതനം ലഭിക്കാൻ നേരിടുന്ന കാലതാമസം, ക്രമരഹിതമായ ജോലി സമയം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും ഇത്തരം നീതികേടുകൾക്കെതിരെ ശബ്ദമുയർത്താൻ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.

കലാകാരന്മാരുടെ ക്ഷേമത്തിനായി കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് സിൻ്റാ എക്സിക്യൂട്ടീവ് അംഗം ചന്ദ്രപ്രകാശ് താക്കൂർ ചൂണ്ടിക്കാട്ടി. അസോസിയേഷൻ ജനറൽ സെക്രട്ടറി അർജുൻ കാംബ്ലെ, ട്രഷറർ സഞ്ജയ് കാംബ്ലെ, വൈസ് പ്രസിഡൻ്റ് അനിൽ സിംഗ്, സെക്രട്ടറി നീലേഷ് ഹതേ, ജോയിൻ്റ് ട്രഷറർ സർദാർ ഉത്തം സിംഗ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രമാകാന്ത് മുണ്ടെ, നയീം ഷെയ്ഖ്, ഭോലാനാഥ് ശർമ, ഭാൽചന്ദ്ര നെമനെ, ദിനേഷ് പരേഖ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.